Tuesday, 7 March 2017

ഓർമ്മകൾ ജീവിതമാകുന്ന അതിതീവ്രതകളുണ്ട്,
ഒപ്പം
നഷ്ടങ്ങൾ ഓർമ്മകളാകുന്ന ഉഗ്രവ്രണങ്ങളും.

നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെ നിസ്സഹായതയോടെ  നക്ഷത്രങ്ങൾക്കിടയിൽ തിരയുന്ന കണ്ണീർഗംഗ,

തിരിച്ചു വരാനാവുന്നില്ലല്ലോ എന്ന താരാട്ടുത്തരങ്ങൾ.

ഓർമ്മയുടെ ഒരിലപോലും ബാക്കിയാക്കാത്തൊരു അതിശൈത്യത്തിൻ മഞ്ഞുകാലം അറിയാത്ത വിദൂരതയിൽ എനിക്കായി നോമ്പ് നോൽക്കുന്നു,

വരണ്ടുണങ്ങിയിട്ടും അതിജീവനം മന്ത്രിക്കുന്ന ചില്ലകളിൽ മരവിപ്പിന്റെ മഞ്ഞുകണങ്ങൾ പൂവിടാൻ ഒരുങ്ങി നിൽക്കുന്നു,

ചില നഷ്ടങ്ങൾ ജീവിതമാണ്. ഉഗ്രവിഷമേറിയ വേദനകളാണ്. വിഷമെന്നറിഞ്ഞിട്ടും അതിജീവനം സാദ്ധ്യമാക്കാൻ വിഷസംഹാരിയായി അത് പാനം ചെയ്യാതെ മറ്റൊരു നിവർത്തിയുമില്ലാതാകുന്ന അസ്സന്നിഗ്ദ്ധത. കടിച്ചമർത്തിയ വേദനയെന്ന വിഷസംഹാരി ഓരോ അണുവിനെയും ഇനിയും കൂടുതലെന്ന്‌ ത്രസിപ്പിച്ചുകൊണ്ടേയിരിക്കുന്ന വൈരുദ്ധ്യത.

അറിഞ്ഞിട്ടുണ്ടോ? അനുഭവിച്ചിട്ടുണ്ടോ? നഷ്ടം ഒരു തീരാവേദനയാകുന്നത്. ആ  വേദനതന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. എല്ലാം കൈവിട്ടുപോകുമ്പോഴും വീണ്ടും ഒന്നുമുതലെന്നു നിശ്ചയിച്ചുറപ്പിച്ചു കൈപ്പിടിയിലൊതുക്കാൻ നേടിയെടുക്കാൻ,  തോറ്റുപോകുന്നു എന്ന് തോന്നുന്ന ഓരോ നിമിഷത്തെയും വാശിയോടെ വീണ്ടും വീണ്ടും നേരിടു എന്ന് മന്ത്രിക്കുന്നത്.

അതെ, വസന്തമെത്താൻ മടിക്കുന്നുവെന്നറിഞ്ഞിട്ടും വീണ്ടും മഞ്ഞുപൊഴിയുന്ന അതിശൈത്യത്തിൽ  ഉപ്പുണങ്ങിയ നെടുവീർപ്പുകളും നിശ്വാസങ്ങളും ഞാൻ തുവരാനിടുന്നു.

ദാ  ഈ നിമിഷം മൂന്നാണിപ്പഴുതുകളുടെ പീഡയാഴമോർക്കാതെ, മുപ്പതു വെള്ളിക്കാശിന് എന്റെ വേദനകളെ സ്വയം ഒറ്റികൊടുക്കാനൊരുങ്ങുന്ന യൂദാസാകുന്നു ഞാൻ.

എങ്കിലും, വേദനയുടെ ലഹരിയിൽ ഉന്മാദിനിയാകുന്ന നിമിഷത്തെ അതിജീവിച്ച്, എന്റെ പിഴ എന്റെ വലിയ പിഴയെന്ന് ആവർത്തിക്കാതെ എന്നെ തിരിച്ചെടുക്കുന്ന ഞാൻ, സ്വയം ഒറ്റിക്കൊടുക്കാതെ എന്റെ മുറിവുകളുടെ വിശുദ്ധിയിൽ അത്രമേൽ ആഴത്തിൽ ചുംബിക്കുന്നു. മുപ്പതു വെള്ളിക്കാശ് എന്നത്തേതുമെന്നപോലെ തിരസ്ക്കരിച്ചെറിയുന്നു.

വീണ്ടുമൊരു  മരക്കുരിശ്ശ്  ദേഹത്തോട് ചേർത്ത് കൂടൊരുക്കാൻ, വീടൊരുക്കാൻ പീഡയാണ് ഏറ്റവും വലിയ ലഹരിയെന്ന വീഞ്ഞിനെ ഞാൻ എന്റെ രക്തമായി പാനം ചെയ്യുന്നു, ശരീരമായി ഭക്ഷിക്കുന്നു.

ഒഴിവാക്കുമ്പോഴും ചോര പൊടിയിച്ചു വീണ്ടും കുടിയേറുന്ന, എല്ലാമുണ്ടായിട്ടും  ഒന്നിലെല്ലാം നഷ്ടപ്പെട്ടല്ലോയെന്ന അനാഥത്വം. ഒഴുക്ക് നിലച്ച വരികൾക്കിടയിലെ കാണാച്ചുഴികളിൽ ഗതിയറിയാതൊഴുകുന്ന നിർവ്വികാരത.

മുറിഞ്ഞു പോയൊരു സ്വപ്നത്തിന്റെ  മിന്നൽപ്പിണർ,

ഉടഞ്ഞുപോയൊരു മഴവിൽക്കുറുമ്പിന്റെ തേങ്ങൽ...

Wednesday, 15 February 2017

കടൽ കുടിച്ചുറങ്ങിയവൾ

ആഴിക്കനൽ തിളക്കത്തിൽ
ഇളം കവിളുകൾ,
പാദസ്വരക്കിലുക്കങ്ങളുടെ
തിരയിളക്കങ്ങൾ,

ആഴമറിയാതുദിച്ചസ്തമിക്കും
പോൽ നാഭിച്ചുഴി,
നീയൊരു കടലോളം പോന്നവൾ
എന്നൊരു വിരൽത്തുടിപ്പ്,

ഉപ്പിറ്റിയ ചുണ്ടുകളെന്നൊരു
ചുംബനം തൊട്ടപ്പോൾ
നുണക്കുഴികളിലാഴക്കുളിരെന്ന്,
കടൽനീലിമയുടലെന്നൊരു
ഈര്‍ച്ചവാള്‍ മൂര്‍ച്ചയില്‍ കടൽ
തീപിടിച്ചുള്ളുവെന്ത കാടാകുന്നു,

കടലോളം പോന്നവൾ
വീണ്ടുമൊരു കടൽ തേടിയപ്പോൾ

ഒരേസമയം, ഇരുപുറങ്ങളിൽ

കുഞ്ഞനക്കങ്ങളുടെ അമ്മേ-
യെന്നൊരു കരച്ചിലുയരും മുൻപേ
മുലമുറിഞ്ഞ കടൽ വിണ്ണാകുന്നു,
മോളെയൊന്നൊരു കരച്ചിൽ
നിനക്കുവേണ്ടിയിനിയുമെന്റെമാറു
ചുരത്തുമെന്ന വിഷാദം നിറയ്ക്കുന്നു

കടൽ കുടിച്ചുറങ്ങിയവളുടെ
ചിത്രമെഴുതിയെടുക്കുമ്പോൾ
(നീ)ഞാനെന്തു പറയാനാണ്,

കരിനീലിച്ച നിന്റെ കരിംകടൽ
ശരീരത്തിന് മുന്നിലേയ്ക്ക്
സ്വയം നാവറുത്തിട്ട്
ഒന്നിനും സമയമില്ലാന്നപോൽ
ഞാൻ(നീ) നടന്നു പോകുന്നു

Sunday, 25 December 2016

ദൈവത്തെപ്പോലെന്നൊരാളെപ്പോൽ

വേദനകൊണ്ട് പിഞ്ഞിയ 
ജീവിതം തുന്നിയെടുക്കുന്ന 
കേവല നിസ്സഹായതയിലേയ്ക്ക്, 

പൊൻ വെളിച്ചം വിതറും
താരകങ്ങളെ അടയാളപ്പെടുത്തി
കുളിരിന്‍റെ മഞ്ഞു മടക്കുകൾ പുതച്ച്,

കന്യകയുടെ ഉദരച്ചൂടറിഞ്ഞ് 
തുവരമണ്ണിൽ പിറവിയെടുത്ത് 
ആദിയനാദി പാപങ്ങളുടെ 
രക്ഷകനായവനെ സ്വസ്തി,

സുഷുപ്തിയുടെ വേരുകളി-
ലാണ്ടൊരു വിത്തിന്‍റെ തളിർ 
നാവുകൊണ്ട് ഒറ്റിൻ 
"മദ"വീഞ്ഞു നുണഞ്ഞ്, 

ഇലഞരമ്പിനാൽ ഒറ്റപ്പെട്ട ഓർമ്മ-
യുടെ ചില്ലകൾ കൊണ്ടുതന്നെയൊരു
മരക്കുരിശിൻ കൂട് ഇരിപ്പിടമായ് 
ദേഹത്തോട് ചേർത്തവനെ,

തിരു ശരീരമിന്നും അതിരുക-
ളില്ലാത്ത അജ്ഞതയുടെ കറുത്ത 
വീഥികളിൽ നിരന്തരം കുരിശി-
ലേറ്റപ്പെട്ടുകൊണ്ടേയിരിക്കുന്നു,

ലോകരക്ഷക്കായ് 
കന്യകയുടെ വിശുദ്ധിയിൽ 
തിരുപ്പിറവിയെടുത്തവനെ,

വിശക്കുന്ന വഴികളിൽ 
ഇനിയുമിനിയും രുചിയുടെ 
അപ്പവും വീഞ്ഞുമാവുക,

ഇരുൾനോവിന്‍റെ കനൽ 
വഴികളിൽ അണയാത്ത നക്ഷത്ര 
വെളിച്ചം തെളിയിക്കുക, 

ഉപേക്ഷിച്ചനാഥമാക്കപ്പെട്ട-
യിടങ്ങളിൽ ഇനിയുമിനിയും 
പുൽക്കൂടിന്നാശ്രയം തീർക്കുക, 

ദൈവത്തെപ്പോലെന്നൊരാളെ-
പ്പോൽ വീണ്ടും വീണ്ടും നന്മയുടെ 
ദൈവപുത്രനായ് പിറക്കുക.

Monday, 19 December 2016

ഫിദൽ,

ഫിദൽ, 
നീയോർക്കുന്നുണ്ടോ 
നിന്‍റെ ശ്വാസഗതികളിൽ
മോട്ടോർ സൈക്കിൾ
ഇരമ്പങ്ങളുടെ മുഴക്കങ്ങൾ 
വഴി പകുത്തെടുത്തത്‌,

ഇരുണ്ടു കിടന്ന 
വഴിക്കറുപ്പിലേയ്ക്ക് 
നിങ്ങളൊരു ചുരുട്ടിൻ 
പന്തം ജ്വലിപ്പിച്ചു 
വെളിച്ചം കുടഞ്ഞത്,

നിശ്ശബ്ദം തേങ്ങിയ 
കാടകങ്ങളിൽ,വെടിയൊച്ച
പ്രതീക്ഷകളുടെ
വസന്തമെഴുതിയത്,

അധിനിവേശങ്ങളുടെ 
വറുതിവേരുകളിലേയ്ക്ക് 
നീതിയുറവകളുടെ 
പുതുജീവൻ പകർന്നത്,

വിശപ്പൊട്ടിയ തളർന്ന 
ചിന്താഴങ്ങളിലേയ്ക്കാവേശ-
ത്തിൻ അപ്പരുചി പകർന്ന്
ഉയിർത്തെഴുന്നേൽപ്പിച്ചത്,

ജന്മിത്വമെഴുതിയ 
അഹമ്മതികളിൽ നിന്നും 
ഏവർക്കും ഭൂമിയെന്ന-
വകാശം പിടിച്ചെടുത്തത്,

നൂലുകെട്ടിയടിച്ചമർത്തിയ 
ചിറകിൻ ബന്ധനങ്ങളിൽ 
ആകാശസ്വാതന്ത്ര്യമെന്ന 
നെഞ്ചുറപ്പു പതിച്ചത്,

അടിമത്വത്തിന്‍റെ മുറിവ്
കാട്ടുഗറില്ലയുടെ ക്രൗര്യത്തോടെ 
നക്കിയുണക്കി പ്രത്യാക്രമ-
ണത്തിന്‍റെ ചരിത്രം
വിപ്ലമാണെന്നോർമിപ്പിച്ചത്,

സഖാവേ, 
നിങ്ങളെയോർക്കുമ്പോൾ
ഫിദലെന്ന് ചെയെന്ന്
ചേർത്തു വായിക്കുന്നു, 

നേരിന്‍റെ ചങ്കുറപ്പിന്‍റെ
വെടിയൊച്ച കേൾക്കുന്നു,
അരാജകത്വങ്ങളിലേയ്ക്കുള്ള
വിപ്ലവവീര്യം തുടിക്കുന്നു,

ക്യൂബയുടെ കണ്ണീർ നേരിന്‍റെ 
നീതിയുടെ പോരാട്ടവീര്യമാണ്,

ഫിദലെന്ന് ചെയെന്ന്
വായിക്കുമ്പോൾ ക്യൂബയൊരു
ആത്മവീര്യത്തിന്നണയാത്ത
ഉൾക്കരുത്താണ്, ധൈര്യമാണ്.

Thursday, 24 November 2016

ജീവിതമതിന്‍റെയോരോ 
നിമിഷവുമോരോ 
വിത്തോർമ്മകളായി 
കരുതി വയ്ക്കുന്നുണ്ട് 

ചിലപ്പോഴത് കലങ്ങിയ 
കൺകോണിലെയൊരു
തുള്ളി തിളക്കത്തിൽ 
നെഞ്ചുരുക്കി തളിരിടും 

മറ്റുചിലപ്പോഴെല്ലാമൊരു  
പൊൻവസന്തമെന്നപോൽ
ചൊടിയിലതിശോഭയോടെ   
പൂത്തുലഞ്ഞു നിൽക്കുന്നു.

കാലമെത്ര കരുതലോടെ-
യാണതിന്‍റെ കൈവഴികളെ
ജീവിതത്തിലേയ്ക്കത്രമേലാഴ 
ത്തിൽ വരച്ചു ചേർക്കുന്നത് 

Monday, 21 November 2016

പുഴയൊഴുകേണ്ട വഴികൾ

ആരോ തടഞ്ഞൊരൊഴു-
ക്കിനാഴത്തിൻ ഉറവ വറ്റിയ 
വ്യഥിതയാണിന്നു ഞാൻ,

നിലാപ്പൂക്കൾ നനയുന്ന 

കല്ലോല കാന്തിയാൽ പുടവ 
നെയ്യുന്ന ഭൂതകാലക്കുളിർ,

കൊഞ്ചും വിരൽതൊട്ട കളി-
യോടക്കുറുമ്പുകളൊപ്പം,തുഴയ-
റിയാതെ മറുകര തിരയുന്നു,

വിശപ്പിൻ ധ്യാനത്തിൽ സന്യാ-
സിക്കൊറ്റികൾ, ചെറുപരൽ
മീൻഭംഗികൾ ദേശാടനത്തിലും,

കരയരികു ചേരുമിളം നാ-
മ്പിനെത്തൊട്ടു കുസൃതി കാട്ടാൻ 
കൊതിക്കും നീർക്കുമിളകൾ,

നിഴലു മാത്രമായ് വളരും 
ജലരേഖകൾ, ഉറവതേടി വര-
ളുന്ന ഒഴുക്കിന്നാഴങ്ങളും,

ഏറെ വൈകിപ്പോയിപ്പോഴേ,
എങ്കിലുമിനിയും മലിനമാക്കാ-
തിരിക്കുകെൻ നീർവഴികളെ,

വരളും ദാഹത്തിൻ സങ്കടമു-
ള്ളുനിൻ മണ്ണടരുകൾക്കുള്ളിലെ 
ശാപമായ് തീരാതിരിക്കുവാൻ,

കാത്തുവയ്ക്കട്ടെയിറ്റു ദാഹ-
ത്തിൻ കാരുണ്യം ഭാവിജന്മങ്ങൾ 
കെട്ടുപോകാതിരിക്കുവാൻ,

തെന്നലലയും പച്ചച്ച വീഥിയിൽ 
നിറവൃഷ്ടി നെഞ്ചേറ്റി ഞാനിനി-
യൊരാറായി വീണ്ടുമൊഴുകട്ടെ,

Wednesday, 16 November 2016

നഷ്ടങ്ങളുടെ ശിശിരകാലം

വിഭ്രമത്തിലുമൊരു ഭ്രമമു-
ണ്ടെന്ന ചിരിയുടെ നോവുപടർത്തി,
അഗ്നിയിലുപേക്ഷിച്ചൊരുടൽ 
മണ്ണിനോടിണ ചേരുമ്പോൾ, ഞാൻ
വിജനതയുടെ ദേശത്തേക്കെന്ന 
പോലൊരു കൈവിരൽത്തൂങ്ങിയീ 
നിമിഷത്തിൻ നിഴൽച്ചാർത്തിൽ
ഒറ്റപ്പെട്ടുപോയൊരതിശയമാകുന്നു,    

എങ്കിലും, 

കാലം തെറ്റി പെയ്തു 
പൂത്തേക്കുമെന്ന തോന്നലുകളിൽ 
പരസ്പരം മൺഗന്ധമുള്ള  
രണ്ടു കാത്തിരുപ്പുകളുടെ 
പകപ്പുകളൊരു കരച്ചിലിനിരുപുറം
ബാക്കിയായതെങ്ങിനെയാണ്,

എന്നിട്ടും, 

മരണംകൊണ്ടടർന്നുപോയ
വസന്തത്തെ ഇനിയും കരഞ്ഞുറഞ്ഞു
പോവാത്ത നീർത്തുള്ളികളിൽ 
ഒളിപ്പിച്ചിട്ടുണ്ട്, കരളുകൊത്തി 
പറിക്കുന്ന വേദനകളിൽ 
ഒതുക്കിയിട്ടുണ്ട്, ഇല്ലെന്നാവർ-
ത്തിക്കുന്ന ഓരോനിമിഷത്തിലും 
വിരൽത്തുമ്പിൽ പൂത്തുനിൽക്കുന്ന
സ്വപ്നമെന്ന കൂട്ടു തേടുന്നുണ്ട്,

അതുകൊണ്ട്,  

തിരികെയില്ലാത്ത ഇന്നലെയിലും
നിയന്ത്രിക്കാനാവാത്ത നാളെയിലും  
എന്‍റെ മുറിഞ്ഞു പോയ കാലങ്ങളെ 
നീ തിരയാതിരിക്കുക, കാരണം 
ഇരുട്ടറ്റങ്ങളുടെ അടുക്കുതെറ്റിയ
പിൻവിളികളിലെൻ പ്രാർത്ഥന 
ഒരുപിടിച്ചോറിൽ മിഴിയുപ്പു
ചേർന്നൊരു നീർക്കുടമുടയ്ക്കുന്നു,

മറക്കാതിരിക്കുക,

ഞാൻ, വിജനതയുടെ ദേശത്തെ 
ആരുമറിയാത്തൊരുന്മാദിനിയാണ്
ഈ നിമിഷ തഥ്യയ്ക്കുമപ്പുറം, കണ്ണു
പൊത്തിക്കളിക്കും പേരറിയാപ്പൂ-
ക്കളുടെ ഓർമ്മവിത്തുകൾ തേടുന്ന 
ഒറ്റപ്പെട്ട ശിശിരമാണ്, ഉന്മാദമാണ്.